2009, നവംബര്‍ 12, വ്യാഴാഴ്ച

കവിത - ജാതിഭേതം

മതാന്ധമീലോകമൊരു ഹോമകുണ്ഡം
മുഴു നാളീകേരം മന്നിലീ മര്‍ത്യ ജന്മം
കണ്ടാലയിത്തം തൊട്ടാലയിത്തം
പണ്ടെന്റെ നാടിതിന്‍ പശ്ചാത്തലം
പേരില്‍ തെളിയേണമെന്റെ ജാതി
പോരു തുടങ്ങേണം ജാതി നോക്കി
പാരില്‍ മനുജനിന്നെത്ര ജാതിയതു
പരതാതിരുന്നാല്‍ പിന്നെന്തു ജാതി
നാരായ മുനയാല്‍ നാവില്‍ കുറിക്കുന്നൊ
രാദ്യാക്ഷരം ഹരിശ്രീയാകയാലെ
വേണ്ടെന്റെ മക്കളെ നിങ്ങള്‍ പഠിക്കേണ്ട
ഹരിയും ശ്രീയും നിന്നില്‍ വന്നു കൂടും
ചോറിങ്ങു തിന്നിട്ടു കൂറങ്ങു കാട്ടും
താടിയും തൊപ്പിയും പേരിനായ് വെയ് ക്കും
നാവില്‍ വഴങ്ങാത്ത പേരിടും പിന്നതി
തീവ്രവാദത്തിന്നു കോപ്പു കൂട്ടും
വൈദികനെ നമ്മള്‍ വിറകാക്കി മാറ്റും
ദൈവ മണവാട്ടികള്‍തന്‍ മാനം കെടുത്തും
വൈഭവം വേണമീനാട്ടില്‍ വാഴാന്‍
ദൈവ ഭയമുള്ളോര്‍ മാനുഷര്‍ പെരുകുവോളം
പള്ളി പൊളിച്ചിട്ടമ്പലം കെട്ടി
പടിപൂജ ചെയ് തു പാലഭിഷേകവും
ദീപങ്ങളൊക്കെയും കെട്ടടങ്ങി
ദേവ വിഗ്രഹം കാറ്റില്‍ പറന്നു പോയി
കാരണമെന്തെന്നറിഞ്ഞിട്ടുമറിയാത്തോര്‍
കാരണോന്മാരായ് ചമഞ്ഞിടുന്നോരവര്‍
ജാതി ചോദിക്കയും പറകയും വേണ്ടെന്നൊ
രാചാര്യ വചനവും വിസ്മരിക്കുന്നുവൊ!!
മത സൗഹാര്‍ദ്ദം ഘോരഘോരം മന്ത്രി
മതി മറന്നങ്ങു വിളിച്ചുകൂവും
മണ്ട ശിരോമണീ കയ്യടിക്കും പിന്നെ
മണ്ടത്തരം കേട്ടു കോരിത്തരിക്കും
ഉത് ഘാടകനായ് വന്ന മന്ത്രി തന്റെ
ഉദ്യമം വിട്ടങ്ങു പിന്‍തിരിഞ്ഞു
നിലവിളക്കില്‍ തിരി തെളിച്ചുവെന്നാല്‍
വ്രണപ്പെടുംപൊല്‍ തന്റെ മതവികാരം
കാലത്തിന്‍ ഘടികാരം പിന്നാക്കമോടും
കാര്യങ്ങളെല്ലാമെ നേര്‍ വഴിക്കായിടും
കവിമനമെന്നുമതിന്നായ് കൊതിക്കും
കടല്‍ തേടിയോടും പുഴയെന്നപോലെ
തീരത്തിന്‍ പാപം കഴുകി മായ്ക്കും
തിരമാല തിങ്ങും മഹാസമുദ്രമെ
കരയിലീ മര്‍ത്യ മാനസം തന്നിലെ
കല്‍മഷം കഴുകിയൊഴുക്കുമൊ നീ?

© രചന:അജി ചിറ്റാര്‍

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ