ആര്‍ത്തി കത്തിയാല്‍ ഉയിരെടുക്കും മുന്‍പെ
നേര്‍ത്തൊരു തേങ്ങലാല്‍ വിറപൂണ്ട്
തലകീഴായ് ത്രാസില്‍ തൂങ്ങിയാടുന്നു
തലപ്പാവു വെയ്ക്കാത്ത കോഴി ജന്മം.
പല വഴിയേ വന്നോരു വരിയായി നില്പ്പു
പുറന്തോലുരിഞ്ഞു പൊതിഞ്ഞു വാങ്ങാന്‍
കഴുത്തു മുറിഞ്ഞങ്ങു വീപ്പയില്‍ വീഴുമ്പോള്‍
എന്തേ ഞാന്‍ കേള്‍പ്പതു പെരുമ്പറ ശബ്ദമൊ..
പ്രാണനെ കൈകൊട്ടി തിരികെ വിളിപ്പതോ?
അച്ഛനോ അമ്മയോ ആരെന്നറിയാത്ത
അരുമകള്‍ക്കൊരുപിടിയന്നം ചികയാത്ത
പരുന്തേത് പുള്ളേത് പതിരേതെന്നറിയാത്ത
കൊക്കരക്കൊയെന്നു കൂവിവിളിച്ചെന്നെ
ഇരവൊടുങ്ങുമ്പോളുണര്‍ത്താത്ത കോഴി
അങ്കവാലില്ലാത്ത പടവാളെടുക്കാത്ത
തങ്കത്തൂവല്‍ മെല്ലെ ചീകി മിനുക്കാത്ത
പച്ചില തളിര്‍ നുള്ളി വെറുതേ കൊറിക്കാത്ത
പൂഴിമണ്ണില്‍ നീന്തി നീന്തി കുളിക്കാത്ത
മുറ്റമടിക്കാത്ത ചുണ്ടു മിനുക്കാത്ത
കാല്‍ വിരലാലൊരു കോലം വരയ്ക്കാത്ത
മഴത്തുള്ളിക്കിടയിലൂടിറയത്തേക്കോടാത്ത
മുറം വിളിക്കുമ്പോളോടിയണയാത്ത
ചാണകം മെഴുകിയോരിറയത്തു കാഷ്ടിച്ചു
ഗോക്കള്‍ക്കഹങ്കാരിയാവാത്ത കോഴി
ഇണയേതെന്നറിയാത്ത ഇണചേരാനറിയാത്ത
ഇളവെയില്‍ കായാത്തോരിറച്ചിക്കോഴി
ശാസ്ത്ര സങ്കേതങ്ങള്‍ തല പുകയ്ക്കും
അസ്ഥിയില്ലാക്കോഴി തൂവലില്ലാക്കോഴി
അസ്ഥിത്വമില്ല തലയില്ല കുടലില്ല
ഉപയോഗ്യ ശൂന്യമായൊന്നുമേയില്ല
ഉല്പന്നമിതു വരും നാളെ മാളോരെ..
ഉരുളിയില്‍ വറുത്തു കോരാമീ കോഴിയെ
ഉഴുന്നു വടപോലേ തിന്നു രസിക്കാം...


0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ