ആന, പുലി, കാട്ടു പന്നികൾ, രാജവെമ്പാല തുടങ്ങിയ വന്യ ജീവികൾ നാട്ടിലിറങ്ങിയ വാർത്തകളാണ് എന്നെ ഇത് എഴുതാൻ പ്രേരിപ്പിച്ചത്.
നമ്മുടെ നാട്ടിൽ ഇന്ന് അത്യുഷ്ണം സഹിക്ക വയ്യാതെ നാം നെട്ടോട്ടം ഓടുകയാണ്. പലയിടത്തും സൂര്യാഘാതം മൂലം പലർക്കും ശാരീരികാസ്വാസ്ഥ്യങ്ങളുണ്ടായി, പലരും വിവിധ ആശുപത്രികളിൽ ചികിൽസ തേടി എന്നിങ്ങനെയുള്ള വാർത്തകൾ ദിനം പ്രതി കേട്ടുകൊണ്ടിരിക്കുന്നു. എങ്ങും കടുത്ത കുടിവെള്ള ക്ഷാമം. ആഗോള താപനത്തിന്റെ തീഷ്ണത ഓരോ വർഷം കഴിയുന്തോറും കൂടിക്കൂടി വരുന്നു. ശുദ്ധ ജലസ്രോതസുകൾ വറ്റി വരളുന്നു. കാർഷീകോല്പാദനം പ്രതിസന്ധിയിലാകുന്നു. മലിന ജലത്തിന്റെ ഉപയോഗം മൂലം പലർക്കും പ്രത്യേകിച്ച് ആദിവാസി മേഘലകളിൽ പല ഗുരുതരമായ ജലജന്യ രോഗങ്ങൾ പടരുന്നു. വന്യമൃഗങ്ങൾ വെള്ളം കിട്ടതെ നാട്ടിലേക്കിറങ്ങി ജനങ്ങളുടെ ജീവനും കൃഷിക്കും ഭീഷണി സൃഷ്ടിക്കുന്നു. പ്രകൃതിയോടുള്ള മനുഷ്യന്റെ ക്രൂരതയുടെ തിക്ത ഫലങ്ങൾ അങ്ങനെ നീളുന്നു. അനീയന്ത്രിതമായ കയ്യേറ്റങ്ങൾ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിത്തുന്ന കുന്നുകളും ജലസ്രോതസ്സുകളും നികത്തിയുള്ള വൻകിട നിർമ്മാണ പ്രവർത്തനങ്ങൾ, ക്ലോറൊഫ്ലൂറോ കാർബൺ പുറന്തള്ളൽ മറ്റ് അന്തരീക്ഷ മലിനീകരണങ്ങൾ അങ്ങനെ നാം സ്വയം ക്ഷണിച്ചു വരുത്തിയ ഭീതിതമായ അവസ്ഥ.!
രാജവെമ്പാല പോലെയുള്ള ഇഴ ജന്തുക്കൾ 25 ഡിഗ്രിയിൽ കൂടുതൾ താപം അതിജീവിക്കുന്നവയല്ല. അപകടകാരികളായ ഇത്തരം ജീവികൾ ഇന്നു അതിജീവനത്തിനായി തങ്ങളുടെ സ്വൈര്യ ജീവിതം ദുസ്സഹമായതിനാൽ വനങ്ങളിൽ നിന്നും സുരക്ഷിത സ്ഥാനങ്ങൾ തേടി കൂട്ടത്തോടെ പുറത്തിറങ്ങുന്നു. വനവിഭവങ്ങൾ കുറയുന്നതും അവയെ നാട്ടിലേക്ക് ഇറങ്ങാൻ പ്രേരിപ്പിക്കുന്നു. യുദ്ധം, പ്രകൃതി ദുരന്തങ്ങൾ ഇവ മൂലം മനുഷ്യർ എന്തെല്ലാം യാതനകൾ അനുഭവിക്കുന്നുവോ എങ്ങനെ പാലായനം ചെയ്യുന്നുവോ അതുപോലെയാണ് നമുക്കു ചുറ്റുമുള്ള ജീവികളും.അവരെയും നാം പരിഗണിക്കേണ്ടതുണ്ട്. അവരും അഭയാർത്ഥികൾ തന്നെ. അങ്ങനെ നമ്മുടെ മുന്നിൽ അവ വന്നു പെട്ടലോ.. വളരെ ക്രൂരമായി അവയെ ആക്രമിക്കുക കൊന്നു കൊലവിളിക്കുക.
നമ്മുടെ വനം പരിസ്ഥിതി വകുപ്പുകൾ ഇതുപോലെയുള്ള സന്ദർഭങ്ങളിൽ എങ്ങനെ പ്രതികരിക്കുന്നു എന്ന് നാം ചിന്തിക്കണം. ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഒരു സംഭവം ഉണ്ടായാൽ പലപ്പോഴും സ്ഥലത്തെത്താൻ വൈകുന്നു. അവര്‍ നോക്കുകുത്തികളായി നിൽക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. വേണ്ടത്ര മുൻ കരുതലുകളില്ലാതെയാണ് അവിടെ അവർ എത്തുന്നത്. ഡിപ്പാർട്ട്മെന്റ് അവർക്ക് കൊടുത്തിരിക്കുന്ന പരിശീലനങ്ങൾ, സന്നാഹങ്ങൾ എന്നിവ സുരക്ഷ ഉറപ്പുവരുത്തുന്നതിന് തീരെ പര്യാപ്തമല്ല. ഒരു അടിയന്തിര ഘട്ടത്തെ എങ്ങനെ നേരിടണം എന്നതിനേക്കുറിച്ചുള്ള അവബോധം അവർക്കില്ല. മുങ്ങിചാവാൻ തുടങ്ങുന്നയാളെ രക്ഷപെടുത്താൻ പുറപ്പെടുന്നവന് കുറഞ്ഞ പക്ഷം നീന്തലെങ്കിലും അറിയേണ്ടതുണ്ട് പലപ്പോഴും തദ്ദേശവാസികളുടെ സേവനങ്ങളാണ് ഈ വക കാര്യങ്ങൾക്ക് പ്രയോജനപ്പെടുക എന്നത് നമ്മുടെ മുൻകാല അനുഭവങ്ങൾ. തേക്കടി ദുരന്തം ഉണ്ടായപ്പോൾ ഇത് വളരെ പ്രകടമായിരുന്നു. ഒരു ടങ്കർ ദുരന്തം നടന്നിട്ട് എത്ര നാളായി? രക്ഷാപ്രവർത്തനത്തിനു വന്നവർ എങ്ങനെയാണ് കൊല്ലപ്പെട്ടത്? ദുരന്ത നിവാരണ സേനയെക്കുറിച്ചു പ്രഖ്യാപനങ്ങളല്ലാതെ എന്താണ് ഇവിടെ നടക്കാറുള്ളത്.
പരിഭ്രാന്തരായ ഒരു പറ്റം ആളുകളുടെ നടുവിൽ പെട്ട് ഒരു പുലി ഏതാനും മാസങ്ങൾക്കു മുമ്പ് ദാരുണമായി കൊല്ലപ്പെടുകയുണ്ടായി. പുലിയുടെ വായിൽക്കൂടി മരക്കഷണം അടിച്ചു കയറ്റിയാണ് അവർ അതിനെ കൊന്നത്. മനുഷ്യർക്കോ അവരുടെ വളർത്തു മൃഗങ്ങൾക്കോ ഹിംസ്ര ജന്തുക്കൾ ഭീഷണിയാവാം. എന്നിരുന്നാലും വനപാലകർ കാര്യക്ഷമമായി ഇടപെട്ടാൽ ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്ന പരിഹാരം ഉണ്ടാക്കാൻ കഴിയും.
പത്തനംതിട്ട ജില്ലയിലെ നീലിപിലാവ് എന്ന ഗ്രാമത്തിൽ ഒരാഴ്ച മുൻപ് കാടു വിട്ട് നാട്ടിലിറങ്ങിയ രാജവെമ്പാലയെ നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന് എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് എന്ന് കണ്ടറിയാം. ഇവിടെ ക്ലിക്കൂ.... http://www.youtube.com/watch?v=LXDShwgNt4Q
നമ്മുടെ കനിവിനായ് നിശബ്ദ യാചന നടത്തുന്ന സഹജീവികളെ, ഈ അഭയാർത്ഥികളെ ഒന്നു തിരിഞ്ഞു നോക്കുക. ജീവിക്കാനനുവദിക്കുക.
നിങ്ങളുടെ പ്രതികരണങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്...
Aji Chittar.

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ