2010, മേയ് 4, ചൊവ്വാഴ്ച
കഥ - കണ്ണാടി
ഭാസ്കരേട്ടന്റെ റോഡിനോടു ചേര്‍ന്നുള്ള ചെറിയ ചായക്കടയില്‍ രാവിലെ നല്ല തിരക്ക്. ചില്ല് അലമാരയില്‍ പലഹാരങ്ങല്‍ അടുക്കി വെച്ചിരിക്കുന്നു. കടയുടെ മുന്നിലെത്തുമ്പോള്‍ തന്നെ പലഹാരങ്ങളുടെയും നന്നെ പഴുത്ത പാളാംകോടന്‍ പഴത്തിന്റെയും നല്ല മണം.
സ്ഥിരമായി തന്റെ കസ്റ്റമേഴ്സിനു വായിക്കാനായി വരുത്തുന്ന പത്രം ഭാസ്കരേട്ടന്‍ വായിക്കാറില്ല. എഴുത്തും വായനയും അറിയാഞ്ഞിട്ടല്ല. വായിക്കേണ്ട ആവശ്യമില്ല എന്നു പറയാം. ആ ജോലി വളരെ ഭംഗിയായി നിര്‍വഹിക്കാന്‍ സുഗുണന്‍ ഉണ്ടല്ലോ! അയാള്‍ വായിക്കുന്നത് കേട്ടാല്‍ പോരേ? സുഗുണന്‍ ഏഴാം തരം വരെ മാത്രമേ പഠിച്ചുള്ളു എങ്കിലും, അയാളുടെ പത്ര പാരയണം ഒരു പ്രത്യേക കലയാണ്. വായനയ്ക്കിടെ ആരെങ്കിലും പത്രത്തിന്റെ ഏതെങ്കിലും പേജ് ചോദിച്ച് വന്നാല്‍ അവര്‍ നിരാശരാവേണ്ടി വരും കാരണം, എല്ലാം വിശദമായി വായിക്കാന്‍ താനിവിടെയുണ്ടല്ലൊ.. അതുമല്ല 'ശേഷം..നാലാം പേജ് മൂന്നാം കോളം' എന്നും മറ്റുമുള്ള വായനയ്ക്കിടെയുള്ള ചില രസം കൊല്ലികള്‍ വരുമ്പോള്‍ പേജ് അന്വേഷിച്ച് പോകാന്‍ തന്നേ കിട്ടില്ല.
സുഗുണന്റെ പത്ര വായന കേട്ടാല്‍ പണ്ട് ആകാശവാണിയിലെ മലയാള വാര്‍ത്തകള്‍ വായിച്ചിരുന്ന രാമചന്ദ്രനെ ഓര്‍മ്മ വരും. ഏതാണ്ട് അതേ ശൈലി, നല്ല ശബ്ദ ക്രമീകരണം, അക്ഷരസ്പുടത എന്നിവ അയാളുടെ വാര്‍ത്ത വായനയുടെ സവിശേഷതകളാണ്. അയാള്‍ക്ക് അത് ഒഴിച്ചു കൂടാനാവാത്ത ദിനചര്യയായിട്ട് വർഷങ്ങളായി. ബിഡി തെറുപ്പായിരുന്നു അയാളുടെ ജോലിയെങ്കിലും പത്രവായനയ്ക്കു ശേഷം മാത്രമേ ജോലിയില്‍ പ്രവേശിക്കു എന്ന് അയാള്‍ക്ക് വാശിയുണ്ട്.
തലച്ചുമടുമായി ചന്തയിലേക്കും തിരികെയും നടന്നു പോകുന്ന ആളുകളില്‍ ചിലര്‍ വാര്‍ത്തകളുടെ പൂണ്ണ രൂപം അറിയാന്‍ വേണ്ടി പലപ്പോഴും ഭാരം തലയിലുണ്ടെന്ന കാര്യം പോലും മറന്ന് റോഡരികില്‍ നില്‍ക്കാറുണ്ട്. പലരും വാര്‍ത്ത വായനയ്ക്കിടയില്‍ ചില വിഷയം സംബന്ധിച്ച് സജീവ ചര്‍ച്ചകള്‍ നടത്താറുമുണ്ട്. അതില്‍ രാഷ്ട്രീയം, മതം, കൊലപാതകങ്ങള്‍, ആത്മഹത്യകള്‍ എന്നു വേണ്ട എല്ലാ ആഗോള സംഭവങ്ങളും പരാമര്‍ശ വിഷയമാകുക സ്വാഭാവികം. ഇന്നത്തെപ്പോലെ ടി വി ചാനലുകള്‍ അന്നുണ്ടായിരുന്നില്ലല്ലോ. വര്‍ത്തമാന പത്രവും ആകാശവാണിയും അല്ലാതെ മറ്റൊരു മധ്യമത്തെക്കുറിച്ച് ആളുകള്‍ ചിന്തിച്ചു തുടങ്ങിയിരുന്നില്ല എന്നു പറയാം.
ബസ് സ്റ്റോപ്പില്‍ ഒരു വെയിറ്റിംഗ് ഷെഡ്, അവിടെ പഴയ മലയാള സിനിമയുടെ പോസ്റ്റര്‍ ഒട്ടിച്ച ഭിത്തി, പോസ്റ്ററൊട്ടിക്കാന്‍ വരുന്ന ചാക്കോ ഒന്നു പോയിക്കിട്ടാന്‍ വേണ്ടി കാത്തു നില്‍ക്കുന്ന അയൂബിന്റെ ആടുകള്‍. പോസ്റ്ററുകള്‍ ഒട്ടിക്കുന്ന ദിവസം തന്നെ അവ ആടുകള്‍ തിന്നു തീര്‍ക്കും. ഇന്നത്തെപ്പോലെ തീറ്റ ഇല്ലാത്തതല്ല, മറിച്ച് അതിന് എന്തോ ഒരു പ്രത്യേക സ്വാദ്!! അതായിരിക്കാം അവയെ പോസ്റ്റ്റിലേക്ക് ആകര്‍ഷിക്കുന്നത്. ഒരു ദിവസം എന്റെ ഒപ്പം ബസ്സ്റ്റോപ്പില്‍ നിന്നയാള്‍ പറഞ്ഞു "ദാ നോക്കൂ.. ആടുകള്‍ ഷീലാമ്മേടെ മുല തിന്നുന്നു." പ്രേം നസീറും ഷീലയും അഭിനയിച്ച ഏതോ പുരാണ ചിത്രത്തിന്റെ പോസ്റ്ററായിരുന്നു അത്.
കവലയിലെ സജീവ സന്നിദ്ധ്യമായി കാണാറുള്ള അംഗവൈകല്യവും അല്പം ബുദ്ധിമാന്ദ്യവും ഉള്ള യാചകന്‍ അയാളുടെ തൊഴിലില്‍ വ്യാപൃതനായിരിക്കുന്നു. ഇടതു കാലും വലതു കൈയ്യും സ്വാധീനമില്ലാത്ത അയാളുടെ ശരീരഭാഷയും സംഭാഷണവും ആരിലും കൗതുകം ഉണര്‍ത്തും. ആരോടും "ചേട്ടാ/ചേച്ചീ... ഒരു പത്തു പൈസ തരാമോ" എന്ന ചോദ്യം കേള്‍ക്കുമ്പോഴേ.. ആളുകള്‍ പൊട്ടിച്ചിരിക്കും. ഇങ്ങനെ ചിരിക്കുന്നവരോട് അയാള്‍ക്ക് വെറുപ്പോ പരിഭവമോ ഉള്ളതായി എനിക്കു തോന്നിയിട്ടില്ല. അയാളും അവരുടെ കൂടെ ചിരിക്കും അത്രമാത്രം. മറ്റുള്ളവരുടെ പരിഹാസം ഇപ്പോള്‍ അയാളും ആസ്വദിച്ചു തുടങ്ങിയിരിക്കുന്നു എന്നു വേണം കരുതാന്‍. എടോ.. ഇന്നത്തെ കാലത്ത് പത്തു പൈസ കൊടുത്താല്‍ കിട്ടുന്ന എന്തെങ്കിലും സാധനമുണ്ടൊ എന്ന ആളുകളുടെ തിരിച്ചുള്ള ചോദ്യത്തിന്റെ ആവര്‍ത്തനം കാരണം. സംഗതി ഒന്നു മാറ്റി പിടിക്കാമെന്ന് അയാള്‍ക്ക് തോന്നി തുടങ്ങിയതിനാലാവണം ചോദ്യം ഒന്നു പരിഷ്കരിച്ച് 'ഒരു ചായയ്ക്ക് കാശു തരാമോ' എന്നാക്കി. അപ്പോഴും പൊട്ടിച്ചിരികള്‍ തുടര്‍ന്നു കൊണ്ടിരുന്നു.
എന്റെ മുന്നിലെത്തി കൈനീട്ടുമ്പോഴൊക്കെ അയാളെ ഞാന്‍ നിരാശപ്പെടുത്തിയിട്ടേ ഉള്ളൂ. എങ്കിലും അയാള്‍ക്ക് നല്ല ശുഭാപ്തി വിശ്വാസമുള്ളതായി എനിക്കു തോന്നി. ഇവന്റെ മനസ്സ് എന്നെങ്കിലും മാറും എന്ന്. എന്റെ മുന്നിലേക്കു നീട്ടുന്ന കയ്യും ആ പതിവു ചോദ്യവും അങ്ങനെ തുടര്‍ന്നു.
ഒരുനാള്‍ ഞാന്‍ കവലയിലെത്തുമ്പോള്‍ ഭാസ്കരേട്ടന്റെ കടയുടെ മുന്നില്‍ ഒരാള്‍ക്കൂട്ടം.. തിരക്കിനിടയില്‍ പോലീസുകാരുടെ തൊപ്പികള്‍, കൂടി നില്‍ക്കുന്നവര്‍ക്കു നേരെ പാഞ്ഞടുക്കുന്നു. ടാറിട്ട റോഡില്‍ ചുടു ചോര കറുത്തു തളം കെട്ടിക്കിടക്കുന്നു. ആളുകളേ വകഞ്ഞു മാറ്റി ഞാന്‍ നോക്കി. വീണു കിടക്കുന്നത് ഞാന്‍ എന്നും കാണാറുള്ള ആ യാചകന്‍. റോഡു മുറിച്ചു കടക്കുമ്പോള്‍ ശീഘ്രത്തില്‍ വന്ന വാഹനം അയാളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വയറില്‍ക്കൂടി വാഹനത്തിന്റെ മുന്‍പിന്‍ ചക്രങ്ങള്‍ കയറി ഇറങ്ങിയിരിക്കുന്നു.
അയാളുടെ ആമാശയത്തില്‍ വെറും വായു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ കണ്ണുകള്‍ എന്നേത്തന്നെ തുറിച്ച് നോക്കി എന്നോടു പറഞ്ഞു ഓക്സിജന്‍ വില കൊടുത്തു വാങ്ങേണ്ട ഒരു സാധനമായിരുന്നെങ്കില്‍ തന്റെ ആമാശയത്തില്‍ അതും ഉണ്ടാകുമായിരുന്നില്ലെന്ന്.....
Tags: കഥ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)


കിടിലന്‍ പോസ്റ്റ്...
മറുപടിഇല്ലാതാക്കൂമലയാളിത്തമുള്ള മനോഹരമായ കഥ.
ഇനിയും ഇതു പോലുള്ള കഥകളും പോസ്റ്റുകളും പ്രതീക്ഷിക്കുന്നു...
ആശംസകള്‍ നേര്‍ന്നുകൊണ്ട്...
സസ്നേഹം...
അനിത
JunctionKerala.com
ആശംസകള്‍
മറുപടിഇല്ലാതാക്കൂList your blog for FREE in Malayalam Blog Directory Powered By Malayalam Songs
മറുപടിഇല്ലാതാക്കൂNice Kavitha....Submit your Malayalam kavitha in Vaakyam.com
മറുപടിഇല്ലാതാക്കൂhttp://vaakyam.com/